സായാഹ്ന സവാരിയിലെന്നോ
ഞാൻ കണ്ടൊരപൂർവ്വ ദൃശ്യം-
"കടപ്പുറത്തെ ഒട്ടകം "
നീളന്‍ കഴുത്തും കൂനന്‍ മുതുകുമായി
കടപ്പുറത്തെ പുതു സവാരി വണ്ടി.
നീലക്കടലിന്നപാരതയിലേക്ക് നീളുന്ന
കണ്ണിൽ തെളിയുന്നു
കത്തുന്ന വെയിലിൻ , തീപ്പൊടിക്കാറ്റിന്നോര്‍മ്മകള്‍.
മരുഭൂവിന്നൂഷരതക്കായ് ദാഹിക്കുന്നവ,
കരയില്‍ പിടിച്ചിട്ട മത്സ്യങ്ങള്‍ പോലവേ.
ഓടാന്‍ വെമ്പുമുറച്ച കാലുകളേതോ
അദൃശ്യമാം ചങ്ങലയെ ഭയപ്പെടുമ്പോലെ.
"മരുഭൂവിന്‍റെ കപ്പലിനു" കടപ്പുറത്ത് നങ്കൂരമിട്ട
വിധിയെ പഴിച്ചു ഞാന്‍ പതിയെ നടക്കെ,
അകലെയോളങ്ങളിലാടിയുലയും വഞ്ചികള്‍,
മഴയിലൊഴുകുo കടലാസ്സുവഞ്ചികൾ.
തൊടിയിലെ പച്ചപ്പിലേക്കോടാന്‍ വെമ്പുന്ന കാലുകള്‍
ചുടു മണലിലാഴ്നാഴ്ന്നു പോകുന്നു.
ചക്രവാളത്തില്‍ പകല്‍സൂര്യന് പട്ടടയൊരുങ്ങവേ,
അറിയാത്ത വഴികളില്‍, ഇല്ലാത്ത ലക്ഷ്യങ്ങള്‍ തേടി,
തുടരട്ടെ ഞാനീയേകാന്ത പ്രയാണം-കടപ്പുറത്തെ ഒട്ടകം സമം
