Saturday, April 25, 2020

ഫാസിസം

ചരിത്ര പാഠപുസ്തകത്തിലാണ്
ഈ വാക്ക് ആദ്യമായി കണ്ടത്
കാഴ്ച്ചയിൽ പലഹാരം പോലെ മധുരിച്ചു;
പക്ഷെ ആശയത്താൽ മുറിവേൽപ്പിച്ചു.
മൊട്ടത്തലയും മുറിമീശയും  
ഉള്ളിലെ പേടിപ്പട്ടിക പെരുക്കി.
ഇറ്റലിയിലേയും ജർമനിയിലേയും 
''രോഗാതുരർ' ഉള്ളുരുക്കി.
ഒടുവിലാ തൊള്ളായിരത്തിനാപ്പത്തഞ്ചിൽ* 
ലോകം രോഗവിമുക്തമായെന്ന് വിശ്വസിച്ചാശ്വസിച്ചു.

പതിറ്റാണ്ടുകൾക്കിപ്പുറം,
വിശ്വാസങ്ങളൊക്കെ തെറ്റിയെന്ന്
കാലം തിരുത്തുന്നു.
വെളളവും വളവും ആവോളം വലിച്ചെടുത്ത് രോഗബീജം വളരുന്നതിദ്രുതം.

നിരോധനങ്ങൾ നിയന്ത്രണങ്ങൾ                          ആൾക്കൂട്ട വിധി പ്രഖ്യാപനങ്ങൾ
ബിംബവൽക്കരിക്കപ്പെട്ട ദേശീയത
ഭരണഘടനയുടെ കഴുക്കോലൂരി-
പ്പണിയുന്ന രക്തശുദ്ധിയുടെ പട്ടിക
ചോദിക്കുന്നവന് ദേശദ്രോഹിച്ചാപ്പ. 
രോഗലക്ഷണങ്ങൾ പടരുന്നു ബഹുദൂരം.

കറുത്ത കാലത്തെ വായിച്ചറിഞ്ഞവർ,
ജീവിതത്തെ തൊട്ടറിഞ്ഞവർ,
തലയിലിനിയും ഇരുൾ പരക്കാത്ത ചിലർ -

തെരുവിലിറങ്ങുന്നു, 
കൈകൾ കോർക്കുന്നു,
വരി നിൽക്കുന്നു,
മതിലുകളാകുന്നു 

എഴുതുന്നു,വരയുന്നു,പറയുന്നു
,ആടുന്നു,പാടുന്നു,കൊട്ടുന്നു

കാരണം,
ചികിത്സയേക്കാൾ നല്ലത് പ്രതിരോധമല്ലോ.


Thursday, April 16, 2020

കാലം സാക്ഷി

കടന്നു പോകുമീ കാലവും 
കടന്നു വന്നതേറയല്ലേ നാം

അന്ന്,
അറിവിന്റെയഗ്നി തെളിച്ച്
കൂരിരുൾ കാടിറങ്ങിയവർ
പാരിൽ പറുദീസ പണിതവർ
പകച്ചു പോകാതെ പറന്നുയർന്നവർ
അറച്ചു നിൽക്കാതെ ആഴമളന്നവർ
ഹാ...നമ്മൾ മാനവർ

നമ്മളെത്ര കണ്ടവർ -
മാറാവ്യാധികൾ, മഹായുദ്ധങ്ങൾ

നമ്മളെത്രയറിഞ്ഞവർ -
പ്രകടമായ ക്ഷാമവും പ്രകൃതിയുടെ ക്ഷോഭവും

നമ്മളെത്രയെതിരിട്ടവർ,
അധിനിവേശച്ചാട്ടയും അധികാര വർഗ്ഗ വേട്ടയും

തീക്കാറ്റിലും വാടാതെ നിവർന്നവർ
പേയൊഴുക്കിലും മുങ്ങാതെ തുഴഞ്ഞവർ
ഹാ... നമ്മൾ മാനവർ

ഇന്ന്,
ഇരുൾ തുരങ്കമിതിൽ
ഇടറാതെ നടക്കണം
വെട്ടമുണ്ടങ്ങകലെയായി
വെക്കമവിടെയെത്തണം.

ഒറ്റയൊറ്റയായി നിരന്നിടാം
ഒന്നിച്ചൊന്നായി നേരിടാം
ഉടലകത്തിടാം ഉള്ളടുത്തിടാം
പതറിടാതെ പൊരുതിടാം

കടന്നു പോകുമീ കാലവും 
കടന്നു വന്നതേറയല്ലേ നാം