Sunday, November 1, 2015

ഓര്‍മയിലെ ഓണം

എന്‍റെയോര്‍മ്മ പൂക്കളം മായ്ച്ച്,
ചിരിച്ചെരാതുകള്‍ കെടുത്തി,
മനസ്സില്‍ മഴ നിലക്കാതെ പെയ്യുന്നു.
കാലം തെറ്റി പെയ്യുമീ  പേമഴയില്‍
നനഞ്ഞു ഞാന്‍ നില്‍ക്കവേ
വന്നില്ല,
ഓലക്കുടയുമായൊരു മാബലി മന്നനും.

പ്രണയനഷ്ടം

വലിയ നരകത്തിനായി ചെറു സ്വര്‍ഗങ്ങള്‍
ത്യജിക്കുന്നു  ഞാന്‍,
ബന്ധുത്വം രചിച്ച കടപ്പത്രം മായ്ക്കുവാന്‍
ജീവിതാധാരം പണയപ്പെടുത്തുന്നു.
ചത്തു മലച്ചോരെന്‍ പ്രണയത്തിന്‍ ബലിച്ചോറു കാക്കുന്നു
പൂക്കള്‍ പൊഴിഞ്ഞ പൂമരക്കൊമ്പിലെ കാക്കകള്‍.
പ്രണയമേ...അല്ല പരാജിതനല്ല നീ-
യുടലുകള്‍ മാറി തളിര്‍ക്കുമനശ്വരത മാത്രം.
ചുംബിച്ചുറക്കുകയെന്നെ നീ,വന്നു നിറയുക
പാഴ് സ്വപ്‌നങ്ങള്‍ നിറയുമെന്‍ ഹൃദയത്തിന്നറകളില്‍.
ഉറങ്ങട്ടെ ഞാന്‍ സ്വസ്ഥമെൻ  പ്രണയകുടീരമിതിൽ.

രണ്ടു പെണ്‍കുട്ടികള്‍

രണ്ടു പെണ്‍കുട്ടികള്‍ ഞങ്ങള്‍.
ഇരുളിന്‍റെ മറവിലാ റെയില്‍ പാതയിലൂടെ
മരണഗഹ്വരത്തിലേക്ക് നടന്നു പോയവര്‍.
നിങ്ങള്‍ക്കു ഞങ്ങള്‍ സ്വവര്‍ഗാനുരാഗികള്‍.

നികൃഷ്ടകള്‍ ഞങ്ങളുടെ ശവശരീരങ്ങളെ-
രിവും പുളിയുമാവോളം ചേര്‍ത്തവര്‍  വിളമ്പി.
കാലപ്പഴക്കതിന്‍ രുചിക്കുറവിനാല്‍,
നിങ്ങളതു  പിന്നെ ചവച്ചു തുപ്പി.

പരാതിയെതുമില്ല പരിഭവവും
വര്‍ഗ്ഗസ്നേഹത്തിന്നര്‍ത്ഥo മറന്ന നിങ്ങളോട്.
നശിച്ച ലോകത്തില്‍ ജനിച്ചു പോയ തെറ്റിനു
സ്വയം വിധിച്ചതീ മരണശിക്ഷ.

ഞങ്ങളുടെ ശവക്കുഴി തോണ്ടുന്നവരോട്:
സ്നേഹിച്ചിരുന്നു ഞങ്ങളന്യോന്യം
ഒരു മനുഷ്യന്‍ മറ്റൊന്നിനെയെന്നപോലെ.

ഞങ്ങളെയോർത്തു  കരയുന്നവരോട്:
കരയുക നിങ്ങള്‍, നിങ്ങളെയോർത്ത്.
പിറകെ വരും തലമുറകളെയോര്‍ത്ത്‌.
കൂരിരുള്‍ തടവിലെ സത്യത്തെയോര്‍ത്ത്
പൊട്ടിപ്പോയ മനക്കണ്ണുകളെയോർത്ത്‌.
കരയുക,ഹൃദയം പൊട്ടി ചോരയോ-
ഴുകുമാറുച്ചത്തിൽ കരയുക.
                                                                                                                                                 (ഐസ്ക്രീം കേസുമായ്‌ ബന്ധപ്പെട്ടു ആത്മഹത്യ ചെയ്ത രണ്ടു പെണ്‍കുട്ടികളുടെ ഓർമ്മയിൽ. സ്വവര്‍ഗ്ഗാനുരാഗികളായി മുദ്രകുത്തി പ്രാഥമിക അന്വേഷണം പോലും നടത്താതെ അന്നാ ഫയല്‍ ക്ലോസ് ചെയ്തിരുന്നു. അവര്‍ തമ്മിലുള്ള ബന്ധം അത്തരത്തില്‍ ഒന്നല്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.
ഇനി ആയിരുന്നെങ്കില്‍ തന്നെയുമെന്ത്??)

ഒരു വിലാപകാവ്യം

ഹൃദയമെന്ന റോമ നിന്നു കത്തുമ്പോഴും
നിന്‍ പ്രണയമെന്ന വീണാനാദമകമേ മുഴങ്ങി.
പൊള്ളുന്ന ഹൃത്തുമായി
തണലുകള്‍ തേടിയലയുമെന്നെ പരിഹസിക്കുന്നു
ഞാൻ വെട്ടി വീഴ്ത്തിയ തണല്‍ മരങ്ങളുടെ ആത്മാക്കൾ .
അന്നേരമേതോ അഗാധ ഗര്‍ത്തത്തില്‍ നിന്നുമെന്‍
ആത്മാവിന്‍ വിലാപമുയര്‍ന്നു കേട്ടു.  

ചൂതാട്ടം

"ജീവിതമൊരു മഹാചൂതാട്ടം"
പറഞ്ഞതെത്ര നേര്  നീ ദസ്തെവിസ്കി...
വിധിയോടു വിധാതാവിനോട്
മനുഷ്യൻ  നടത്തുമൊരു ചൂതാട്ടം.
മണ്ണിനായി പെണ്ണിനായി
പേരിനായി പൊന്നിനായി
ആത്മം പണയപ്പെടുത്തിക്കളിക്കും
ഭ്രാന്ധമാമൊരു ചൂതാട്ടം.
ചെറിയ കോട്ടങ്ങളും വലിയ നേട്ടങ്ങളുമായൊടുവില്‍
ചിരിയോടെ കളം വിടുന്നവന്‍ ഭാഗ്യവാന്‍.
കണ്ണീർ വാർക്കുന്നവനീ കളിക്കളത്തില്‍ പുനര്‍ജ്ജന്മം.

നിരാശ

എന്‍റെ മനസ്സൊരു തെളിവാനം.
ചിന്തകള്‍ മേഘശകലങ്ങളാലവിടമിരുളുന്നു.
മേഘമതിലൊന്നെങ്കിലുമൊരു കവിതയായി
പെയ്തിറങ്ങുവതും കാത്തു കണ്‍പാര്‍ത്തിരിക്കവെ,
എങ്ങു നിന്നോ വന്നൊരു തെന്നലാ മേഘങ്ങളെയും
തെളിച്ചെങ്ങോ പോയിമറഞ്ഞു.

തപസ്സ്

ഞാന്‍ തപസ്സിലാണ്.
സുഖലോലുപതയുടെ നവസ്വര്‍ഗ്ഗങ്ങള്‍
തേടുമൊരുഗ്രതപസ്സ്.
കാമ-ക്രോധ-ലോഭ-മോഹങ്ങളെനിക്കു ചുറ്റും
ചിതല്‍പ്പുറ്റ് തീര്‍ക്കുന്നു.
നിറഞ്ഞു പെയ്യുന്ന കണ്ണീര്‍ മഴയിലുo,
ആളിപ്പടരുന്ന ദുരിത തീയിലു൦-
മെന്നെ കാക്കുമൊരു കവചമായിത്തീരുന്നു.
ഞാന്‍, ഞാനെന്നു മാത്രം ജപിച്ച-
കമേ  കാത്തിരിപ്പൂ ഞാൻ,
സ്വാര്‍ത്ഥത ജ്വലിക്കും കണ്ണുകള്‍ തേടി
കമ്പുമായെത്തുമൊരു  കന്യകക്കായി.

Wednesday, October 28, 2015

സൌമ്യയോട്

സൌമ്യേ...പ്രിയ സോദരീ..
വിഷലിപ്ത ലോകത്തിന്‍ നവരക്തസാക്ഷീ,
നീളമേറും ചങ്ങലയിലൊരു ചെറുകണ്ണി നീയെന്നാലു-
മകമേയെരിയുന്നു നീയൊരു ചുടു കനലായി.
കാമാന്ധത നിശബ്ദമാക്കിയ നിന്‍ നിലവിളിയി-
ലുരുകുന്നു ഞാനുമെന്റെ പുരുഷത്വവും.

രാഷ്ട്രീയ-മാധ്യമക്കോലങ്ങളാടിത്തിമിര്‍ക്കും,
നീയെന്ന വാര്‍ത്തയുടെ ചൂടാറും നാള്‍ വരെ.
മറക്കുo ഞാനുമൊരു നാള്‍,
മറക്കുവാനല്ലോ ശീലിച്ചത് നാം.

ആ നാള്‍ വരും മുന്‍പേ ഞാൻ
മാപ്പിരക്കട്ടെ സോദരീ..
ക്ഷമിക്ക നീ... ഈ ദുഷിച്ച ലോകത്തോടും
മനുഷ്യത്വമകന്ന മനുഷ്യവര്‍ഗ്ഗത്തോടും.

സാമ്പത്തിക ശാസ്ത്രം

മഴയില്‍ കുതിര്‍ന്ന പുലരിയില്‍,
താരാട്ടിന്നീണമാം തീവണ്ടി മൂളലില്‍,
നിദ്രയിലേക്ക് തെന്നി വീഴുന്നയെന്നെ
തൊട്ടുണര്‍ത്തുമൊരു കുഞ്ഞു കരസ്പര്‍ശം.
കണ്‍കുഴികളില്‍ പ്രതീക്ഷ തന്‍ നാളം തെളിച്ചു,
മെലിച്ച കൈ നീട്ടിയെന്‍ മുന്നില്‍ നില്‍ക്കുന്നു
വിശപ്പെന്ന സത്യത്തിന്‍ വിശ്വരൂപം.

ചിന്തകള്‍ സടകുടഞ്ഞുണരുന്നു ചുറ്റിലും
വാക്കുകള്‍വിടരാത്ത വരണ്ട ചുണ്ടുകളെ,
ഒട്ടിയ വയറിനെ,
പ്രാതല്‍ ചര്‍ച്ചക്ക് വിഷയമായി വിളമ്പുന്നു
ഹൃദയം മിടിക്കാത്ത ബുദ്ധിജീവികള്‍.

ആഗോള സാമ്പത്തിക സ്ഥിതിയുടെ,
നേര്‍ക്കാഴ്ചയീ കുരുന്നെന്നൊരാള്‍
അല്ല,ഭരണകൂടത്തിന്‍ ക്രൂരതക്കിരയെന്നൊരാൾ.
ചൂടേറുമാ ചര്‍ച്ചക്കിടയിലേക്കു നീളുന്ന കൈകളെ,
തട്ടി മാറ്റുന്നവരൊന്നായി, തർക്കമേതുമില്ലാതെ.

നോട്ടുകള്‍ക്കിടായിലായൊരു നാണയം
തിരയുന്നോരെന്‍ കരങ്ങളെ അനാഥമാക്കി,
പിൻവലിയുന്നാ  കുരുന്നു കരങ്ങളും.

തിരിച്ചുപോക്ക്

ഭൂതകാലത്തിന്‍ താളിലേതിലോ
 മറന്നു വെച്ചോരു 
മയില്‍‌പീലി തുണ്ടാനെന്റെ ബാല്യം.
മഴയുടെയീണവും നിറമുള്ളോരോണവും
വിഷു പക്ഷി വിരുന്നെത്തുന്ന  വേനലും
ഓര്‍മയിലൊരു നഷ്ടചിത്രം രചിക്കവേ,
ഓര്‍മകളുടെ ചൂട്ടു വെട്ടത്തില്‍
മറവിയുടെ കൂരിരുള്‍ മുറിച്ചു കടക്കട്ടെ ഞാന്‍.

കാത്തിരിപ്പ്‌

കാത്തിരിക്കുന്നു ഞാനേറെ നാളായി,
കത്തുമായെത്തുന്ന ചുകപ്പു വണ്ടിക്കായി.
പച്ച വിരിപ്പിട്ട പാടത്തിനക്കരെ
കത്തുമായി തെളിയുന്ന കാക്കിയുടുപ്പിനായി.
ചത്തു മലച്ച സന്ദേശങ്ങള്‍ നിറയുമെ-
ന്നിന്‍ബോക്സിനെ സാക്ഷിയാക്കി,
തപസ്സിരിക്കുന്നു ഞാൻ
വഴി തെറ്റിയെത്തുമൊരു  കത്തിനായി


Tuesday, October 27, 2015

എന്‍റെ ഹൃദയത്തിന്‍റെ ഉടമയ്ക്ക്

എന്‍റെ ഹൃദയ ചക്രങ്ങള്‍ക്ക് തേയ്മാനമുണ്ടെന്‍റെ
ഹൃദയ പാളികള്‍ പഴകി ദ്രവിച്ചിട്ടുമുണ്ട്.
പഴകിത്തുരുമ്പിച്ച നിശ്ചല ഹൃത്തിനു പകരമായി
പുതിയൊരെണ്ണം തേടി ഞാനലയവേ,
കൈ നീട്ടിയെന്‍റെ ഹൃദയം വാങ്ങിച്ചു നീ.

അറകളില്‍ നിറയും പൊടിയകറ്റി.
പിന്നെ, ചുടുചോരയാലകം കഴുകി.
തേഞ്ഞ ചക്രങ്ങള്‍, തുരുമ്പിച്ച പാളിക-
ളേതുമേ നീയന്നു മാറ്റി പ്രതിഷ്ടിച്ചു.
നിശ്ചല ഹൃത്തിനു പകരമായൊരു
ജൈവ ഹൃദയമെനിക്കന്നു  തന്നു നീ.

ഹൃദയ ഭിത്തികളിന്നു പുതു മിടിപ്പുകള്‍ തേടുന്നു
ധമനികളില്‍ ചുടു രക്തമൊഴുകുന്നു.
വരണ്ട സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ മുളക്കുന്നു.
നിരാശ തന്‍ ജീവിത മണല്‍പ്പരപ്പില്‍,
പ്രതീക്ഷയുടെ പുതു നാമ്പുകളുയരുന്നു.

അറിഞ്ഞിരുന്നില്ല ഞാന്‍,
എൻ  പാഴ് ഹൃത്തിനു പകരമായി നീ തന്നത്
നിൻ  വിമല ഹൃദയമെന്ന്.

ഓര്‍മ്മകളെ നന്ദി

ഓര്‍മ്മകളേ,നിങ്ങള്‍ക്കെന്‍റെ നന്ദി.
ജീവിത മരുഭൂവിലേകനായലുമ്പോള്‍,
മരുപ്പച്ചയായെന്നെ കാത്തുനിന്നതിനു.
ബധിരത ചെവിയില്‍ തിരുകിയിരിക്കുമ്പോള്‍,
സംഗീതമായെന്നകമേ പെയ്തതിനു.
വിജനതയെ മുറിച്ചു മൂകം നടക്കുമ്പോള്‍
ബഹളമായെനിക്കെതിരെ വന്നതിനു൦
ഓര്‍മ്മകളേ,നിങ്ങള്‍ക്കോരായിരം നന്ദി.

മണലില്‍ കാലുറച്ചു നടക്കാന്‍ പഠിക്കുമ്പോള്‍
നിളയോരോര്‍മ്മയായുള്ളിലൊഴുകുന്നു.
കാലമൊരു പേമാരിയായി പെയ്തിറങ്ങുമ്പോള്‍
ചേമ്പിലക്കുംബിളില്‍ തുള്ളിയായോര്‍മകള്‍.
കനലായി നിന്നു കത്തുന്ന കാലത്തിലൊരു,
കുടത്തണലായി മാറുന്നോരോര്‍മകള്‍.

ഇനിയിന്നിനെ സ്നേഹിച്ചു തുടങ്ങട്ടെ ഞാന്‍;
ഇന്നിലല്ലോ നാളെ തന്‍ ഓര്‍മ്മകള്‍ ജനിക്കുന്നു.

ഇന്നലെ-ഇന്ന്-നാളെ

ഇന്നലെയുടെ നാളെയായിരുന്നു ഇന്നെ-
ന്നകമെയാരോ നിശബ്ദമുരയുന്നു.
ഇന്നലെ കണ്ട നനവാര്‍ന്ന കനവുകള്‍,
ഇന്നു പൊള്ളുന്നോരോര്‍മകള്‍ മാത്രം.
ഇന്നലെ നീന്തിത്തുടിച്ച പുഴയി-
ന്നൊരു മരുഭൂവായെന്നെ വിഴുങ്ങുന്നു.
ഇന്നലെയുടെ പുഞ്ചിരിയിന്നാര്‍ത്തനാദം.
ഇന്നലയുടെ ഉദയത്തിനിന്നസ്തമയം.
ഇന്നലത്തെ ശ്വേത സ്തന്യത്തിനിന്നു,
കാളകൂടത്തിന്‍ വര്‍ണ്ണപ്പകര്‍ച്ച.
ഇന്നലെ വിരിഞ്ഞ കുഞ്ഞരിപ്പലുകള്‍
ഇന്നോ മുന കൂര്‍ത്ത ക്രൂര ദ്രംഷ്ട്രകള്‍.
ഇന്ന് ജീവന്‍റെ പച്ചപ്പെരിഞ്ഞു തീരവേ,
കാലം കറുപ്പിനെ വെള്ള പൂശവേ,
ഉള്ളം കിടുങ്ങും ഞെട്ടലോടറിയുന്നു ഞാന്‍
ഇന്ന്, നാളെയുടെ ഇന്നലെയെന്ന സത്യം.

കാലത്തിന്‍റെ ഓര്‍മ്മതെറ്റ്

കാലമൊരു വേനലായി മഴയായി
പിന്നെ, ശിശിരമായി വന്നിലകള്‍ പൊഴിക്കിലും,
നിസ്സംഗനായി നില്‍പ്പു ഞാനീ ഗുല്‍മോഹര്‍ തണലി-
ലെന്നോര്‍മ്മകളും സ്വപ്നങ്ങളും പേറി.

ചോരയൂറ്റുന്ന വേരുകള്‍,
ചെമ്പൂക്കള്‍ വിരിയുന്ന ശാഖകള്‍.
കാല്‍ക്കല്‍ പൊഴിയുന്ന പൂവതുള്ളില്‍
നിറക്കുന്നു  രക്തബന്ധത്തിന്‍റെ വേദന.
നടന്നതേറെ ഞാനീയൊറ്റയടിപ്പാതയില്‍,
വിപ്ലവവും പ്രണയവുമെരിയും മനവുമായി

ഇതിനുമപ്പുറം ലോകം വിശാലമത്രേ...
മുന്നില്‍ നീളുന്നതെട്ടുവരിപ്പാതയത്രേ...

നില്‍ക്കട്ടെ ഞാനീ തണലിലിത്തിരി നേരം
ഓര്‍മകള്‍ കനക്കും മാറാപ്പുമായി.
ചെറിയ സ്വപ്നങ്ങളുടെ ഭാരവും പേറി,
മടക്കമിനിയില്ലെന്ന ആത്മബോധത്തോടെ,
ച്ക്രവാളങ്ങളില്‍ ഇനിയും മുഴങ്ങാത്ത
ഇടിമുഴക്കങ്ങള്‍ക്കായി  കാതോര്‍ത്ത്,
നില്‍ക്കട്ടെ ഞാനീ തണലിലിത്തിരി നേരം,
കാലത്തിനു പറ്റിയൊരോര്‍മ്മത്തെറ്റു പോലെ.

രാത്രിമഴ

പ്രണയിനീ നീയൊരു രാത്രിമഴ.
സ്വപ്നങ്ങള്‍ വിരിയാ വരണ്ട മാനസത്തി-
ലേറെ വൈകി പെയ്തൊരാശ്വാസമഴ.
പ്രണയാര്‍ദ്രയായി നീ പെയ്തിറങ്ങുകി-
ലുരുകും മനസ്സിലും കവിത നിറയും.
നനുത്ത മുടിയിഴകളായൂര്‍ന്നിറങ്ങുമ്പോള്‍
നനക്കട്ടെ ഞാനെന്‍ തനുവും മനവും,
കുടയേതും മറയായി പിടിക്കാതെ.

യുദ്ധഭൂമി

അമ്മയുടെയന്ത്യ രാേദനത്തിലലിയുന്നു
പുതു ജീവന്‍റെയാദ്യ നിനദമിവിടെ.
മുലപ്പാല്‍ മണക്കേണ്ട കുരുന്നിനിവിടെ
ചുടു ചോരയുടെ ഗന്ധം.
പശപശപ്പാർന്ന മിഴികളിൽ
കബന്ധങ്ങള്‍, കണ്ണീര്‍ മുഖങ്ങള്‍.
താരാട്ടൂറേണ്ട ചെവികളില്‍
വെടിയൊച്ചകള്‍, ആര്‍ത്തനാദങ്ങള്‍.

മാനവ പരിണാമഗതിയിലെ തിരിച്ചു-
പോക്കിന്നടയാള ശിലയീ യുദ്ധഭൂമി.
ഒട്ടിയ വയറും വരണ്ട ചുണ്ടുകളും
തോരാതെ പെയ്യു൦  കണ്ണീർമാരിയു-
മേതുമേ കാണാതെയന്ധഭരണകൂട-
മണിയിച്ചാെരുക്കും ശാപഭൂമി.
സ്വപ്നവും സ്നേഹവും കുഴിച്ചുമൂടി
ജയിക്കുവാൻ മാത്രമായടരാടിലും,
ജേതാക്കളുയരാത്ത കര്‍മ്മഭൂമി.

കഴുകന്‍ നഖങ്ങളില്‍ പിടയുന്ന വെള്ളരിപ്രാക്കളേ,
പറന്നിറങ്ങുക നിങ്ങളിനിയും 
മിടിപ്പുകള്‍ നിലക്കാത്ത കുരുന്നു ഹൃദയങ്ങളില്‍.
മതവും വർഗവും ദേശവും ഭാഷയുമിനിയു-
മതിരുകള്‍ പണിയാത്ത വിമല ഹൃദയങ്ങളിൽ.
യുദ്ധത്തിന്റെ ശംഖാെലിക്കു മീതെ മുഴക്കട്ടെ
ശാന്തിമന്ത്രങ്ങളാ കുരുന്നു ചുണ്ടുകൾ.

എഴുത്ത്

മൂര്‍ച്ചയേറിയ ചിന്തകള്‍ തലയോട്ടിയില്‍
വിള്ളലുകള്‍ തീര്‍ക്കുന്നു.
അതിശക്തമാം മിടിപ്പുകള്‍ ഹൃദയഭിത്തികളെ
ശിഥിലമാക്കുന്നു.
കര്‍ണ്ണ പുടങ്ങളില്‍ പതിയുന്ന രോധനങ്ങളാല്‍
നേത്ര പടലം ഉരുകിയോലിക്കുന്നു.
നിന്‍റെ നനുത്ത സ്നേഹ വലയത്തിലും,
നിന്നു കത്തുo മനസ്സിന്‍ ബഹിര്‍സ്ഫുരണങ്ങള്‍
പകര്‍ത്തട്ടെ ഞാനീ താളില്‍.
ചങ്ങലക്കിട്ട ചിന്തകളുടെയമര്‍ഷമായി വാക്കുകള്‍.
വിങ്ങും മനസ്സിന്‍ തേങ്ങലായി വരികള്‍.
വായിച്ചു നോക്കാം, വലിച്ചെറിയാം.
വെട്ടി തിരുത്തലുകള്‍ മാത്രം നിഷിദ്ധം.

ജനനം-ജീവിതം-മരണം

ജനനം:

പശപശപ്പാര്‍ന്ന മിഴികള്‍ വലിച്ചു തുറന്നിട്ടു-
മിരുള്‍ മാത്രം, ചുറ്റിലും കൂരിരുള്‍ മാത്രം.
എന്‍റെ ഭയത്തിൻ  നനുത്ത ശബ്ദ-
മമ്മ തന്‍ പേറ്റു നോവിലൊലിച്ചു പോയി.
ഒടുവിലെന്നെയീ കൂരിരുള്‍ തടവില്‍ നിന്നു
പകലിലേക്ക് വലിച്ചിട്ട പൊക്കിള്‍ക്കൊടീ,
നിനക്കുള്ള നന്ദി രേഖപ്പെടുത്തട്ടെ
ഇനിയുമുറക്കാത്ത ഹൃദയ മിടിപ്പിനാല്‍.
അറുത്തു മാറ്റുന്നു നിന്നെയവര്‍,
നീയെൻറെ  നന്ദികേടിന്‍ പ്രഥമ രക്തസാക്ഷി

ജീവിതം:

നിനക്കു പകരം വെക്കുവാൻ  ബാന്ധവങ്ങളേറെയുണ്ടിന്ന്,
പിടിച്ചു കയറാനും കെട്ടിയിറക്കാനുമുതകുന്നവ.
ഏച്ചുകെട്ടലിലെ മുഴുപ്പുകള്‍ പലതിലും
സ്നേഹ പ്രവാഹത്തിനു തടയിടുന്നു.
നന്ദിപ്രകടനം വാക്കുകളിലൊതുങ്ങുന്നു
നന്ദികേടിനിന്നു  ഹൃദയതാളം.

ഒപ്പം നടന്നവര്‍ പാതിയില്‍ പിരിഞ്ഞാലും
തട്ടിവീണവരെ ചവിട്ടിക്കയറുന്നു ഞാന്‍,
വീണു പോകും നേരം കയറിപ്പിടിക്കുവാനില്ല
നീയെന്നന്ന  ഉള്‍ഭയത്തോടെ.

മരണം:

മണ്ണട്ടികള്‍ക്കടിയില്‍  കണ്ടുമുട്ടുന്നു നാം
നിന്നെ പിടിച്ചൂര്‍ന്നിറങ്ങട്ടെ ഞാൻ
കൂരിരുള്‍ തിങ്ങുമാഴങ്ങള്‍ തേടി.
പകല്‍വെട്ടമന്ധമാക്കിയോരെന്‍
മിഴികളടക്കട്ടെ ഞാനിനി,
ഉള്‍ക്കണ്ണു മിഴിക്കട്ടെ, തേടട്ടെ,
സ്വസ്ഥമായുറങ്ങാനോരു ഗര്‍ഭപാത്രത്തിനെ.

ചിന്താഭാരം

ചിന്തകളെനിക്ക് വേട്ടപ്പട്ടികളാണ്.
ഉത്തരം നല്കാന്‍ മടിക്കുന്ന ചോദ്യങ്ങള്‍ക്കു
പിറകെയഴിച്ചുവിടുമവറ്റയെ ഞാന്‍.
പിന്നെ കണ്ണുകളടച്ചു ധ്യാനിക്കുo.
ഇരയുടെ വരവിനായി കാത്തു കൂര്‍പ്പിച്ചിരിക്കും
ഞാനുമൊരു ബുദ്ധിജീവി.

ഇരയുടെ മുഖം നോക്കാതെ കടിച്ചു കീറിയ ചിന്തകളെ
അവർ പേപ്പട്ടികളെന്നു വിളിക്കുന്നു;
ഉടമസ്ഥനായ എന്നെ  ഭ്രാന്തനെന്നും.


മൺകൂന വന്നെന്നെ  മൂടിയെന്നാലും
കയ്യുയര്‍ത്തില്ല, തട്ടി മാറ്റില്ല,
ബുദ്ധിജീവിയായി പോയെന്ന കാരണത്താൽ.

എന്നോ,
കാഴ്ചയുള്ള കണ്ണുകളെൻ വല്മീകത്തിലുടക്കവേ,
കമ്പതൊന്നെന്‍ കണ്ണില്‍ത്തറച്ചു.
ആ മുറിവിലൂടൂര്‍ന്നിറങ്ങിയ പ്രകാശ നാരുകള്‍
സിരകളില്‍ പടര്‍ന്നു കയറവേ,
എന്നിലെ പ്രായോഗിയെൻറെ  തത്വത്തെ
കുറ്റമെന്ന് വിധിച്ചു.

വാക്കുകള്‍

എനിക്ക് വാക്കുകള്‍ കടം വേണം.
മരണശയ്യയിലായ കവിതക്കു ജീവനേകാ-
നെനിക്കു വാക്കുകള്‍ കടം വേണം.

തൊണ്ടയില്‍ കുരുങ്ങി ശ്വാസം മുട്ടിപ്പിടയുന്ന
കവിതക്കായി ഞാൻ  തേടിയലയുന്ന വാക്കുകള്‍,
നിഘണ്ടുത്താളുകളിലിരുന്നെന്നെ പരിഹസിക്കുന്നു.
വാചകങ്ങളില്‍ നിന്നടര്‍ത്താൻ ശ്രമിക്കവേ
ഉടമസ്ഥർ  "പേറ്റൻറ്" കൊണ്ടെന്നെ തല്ലിയകറ്റുന്നു.
ജനനേതാക്കള്‍ തുപ്പിക്കളയുന്ന വാക്കുകള്‍ പെറുക്കി ഞാൻ,
വാക്കുകളല്ലവ, വെറും സോപ്പു കുമിളകള്‍ മാത്രം.

വാക്കുകള്‍ക്കും വികാരമുണ്ട്.
പ്രണയാതുരമാണ് ചിലത്,വിപ്ലവാത്മകവും.
ആത്മീയമാണ് ചിലതെങ്കിലോ, ചിലതൊട്ടസഭ്യവുമാകാം.
ഭാഷയുടെ, വികാരമുള്ള അടിസ്ഥാനശിലകളീ വാക്കുകൾ.

വാക്കുകളെ, നിങ്ങളെ  സാക്ഷിയാക്കി നടത്തട്ടെ ഞാന്‍,
പറയാതെ പോയ പ്രണയത്തിനും
മരണം കാക്കുന്ന കവിതക്കുമുദരക്രിയ.


ഏകാന്തതയെ പറ്റി

സൗഹൃദങ്ങള്‍ തീര്‍ത്ത മായികലോകത്തിലെങ്ങും
കണ്ടില്ലയെന്നാലുമേറെ വെറുത്തു ഞാൻ
ഏകാന്തതയെന്ന വാക്കിനെ, സങ്കല്‍പ്പത്തെ.

ഏതോ ഋതു സന്ധ്യയില്‍,
കാലം കണക്കു പറഞ്ഞു ബന്ധങ്ങളറുത്തു മാറ്റവെ,
ഏകാന്തതയെന്ന അനിവാര്യത മാത്രം ബാക്കിയായി.
പൊക്കിള്‍ക്കൊടി കണക്കെ വേര്‍പെടാന്‍ മടിക്കു-
മോര്‍മ്മകളെ ചേര്‍ത്തു പിടിക്കട്ടെ,
ഞാനിറങ്ങട്ടെ കയറിയ പടികളോരോന്നായി.

ജീവിതത്തിരശീലയിലെ പുതു രംഗപടങ്ങളില്‍,
തണുത്തുറഞ്ഞ പുലര്‍കാല യാത്രയില്‍,
ചാറ്റല്‍ മഴയുള്ള രാത്രി സവാരിയില്‍,
ആള്‍ക്കൂട്ടങ്ങൾക്കെതിരെ നടക്കുവാൻ,
ഏകാന്തതയെനിക്കു  സഹചാരിയായി.

ചിരിയുള്ള മുഖവും കരയുന്ന മനസ്സുമായി
കറുത്ത  പാതയിലെ വെളുത്ത വരകള്‍ താണ്ടവേ,
ഏകാന്തതയില്‍ പ്രണയാതുരനാണു ഞാനെന്ന സത്യം
 കാലത്തോടുറക്കെ വിളിച്ചോതി ഞാൻ.



എവിടെയാണ് നീ ??

ആള്‍ക്കൂട്ടത്തിന്‍റെ അപരിചിത്വങ്ങളില്‍
ഞാന്‍ തേടിയത് നിന്റെ പരിചിത മുഖമായിരുന്നു.
തെരുവിന്റെ ബഹളങ്ങളില്‍ കാതോര്‍ത്തത്
നിന്‍റെ ശബ്ദത്തിനായിരുന്നു.
നിന്നെ തേടിയലഞ്ഞ യാത്രക്കൊടുവില്‍
തളര്‍ന്നുറങ്ങുമെനിക്കുമേല്‍
ഓര്‍മ്മകള്‍ തീര്‍ത്ത വല്‍മീകം ഭേദിച്ചു
നീ ചോദിച്ചു,
"നീ എവിടെയായിരുന്നു ?? "
എന്നെ തേടിത്തളര്‍ന്ന കണ്ണുകൾക്കുള്ള
മറുപടി കടം പറയട്ടെ ഞാന്‍.

Friday, October 2, 2015

ദാദ്രി

"മച്ചി പശുവിനെ കശാപ്പുകാരനു 
വിറ്റ കാശിനാൽ,
ഗോമാംസഭുക്കിന്റെ ഗളമറുക്കാനോരു 
കരവാളു വാങ്ങി ഞാൻ."

Sunday, February 8, 2015

ഇവിടെ ഒരു പുഴയുണ്ടായിരുന്നു

അറ്റമില്ലാത്ത മണൽപ്പരപ്പിനു നടുവിൽ,
അവന്റെ  കൈ പിടിച്ച് അവൾ പറഞ്ഞു- 
"ഇവിടെ ഒരു പുഴയുണ്ടായിരുന്നു...
എന്റെ ബാല്യ- കൌമാരങ്ങളുടെ             കടലാസ്സു വഞ്ചികൾ  ഒഴുകിയകന്ന പുഴ;
ഒരുമിച്ചു നീന്തിയ ദൂരങ്ങൾ കൊണ്ട് ആഴം അളക്കപ്പെടാത്ത ആത്മബന്ധത്തിന്റെ പുഴ;
വർണ്ണ-വർഗ്ഗങ്ങൾ തീർത്ത അതിരുകൾ
മുറിച്ചൊഴുകിയ സ്നേഹബന്ധത്തിന്റെ പുഴ."

അവന്റെ അവിശ്വാസം ചുഴിയുന്ന നോട്ടം      ഗൗനിക്കാതെ അവൾ വീണ്ടും പറഞ്ഞു- 
"ഇവിടെ ഒരു പുഴയുണ്ടായിരുന്നു..
ആ  പുഴയിലൂടെ,
നീ എന്നിലേക്കും 
ഞാൻ നിന്നിലേക്കും 
നീന്തിയ  ദൂരം 
നാമൊരുമിച്ചു നീന്തിയതിലുമേറെയാണ്"

അന്നേരം, 
അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീരിൽ, 
ആ പുഴ കര കവിഞ്ഞൊഴുകുന്നത് 
അവൻ കണ്ടു. 

Saturday, January 10, 2015

ആൾദൈവങ്ങളോട്

തളച്ചിടായ്ക ഇനിയുമെന്നെയീ
സുവർണ്ണ ക്ഷേത്രങ്ങളിൽ, മാർബിൾ മിനാരങ്ങളിൽ.
തെരുവിലേക്കിറങ്ങട്ടെ  ഞാനറിയട്ടെ,
വെയിലിന്റെ ചൂടും 
മഴയുടെ നനവും 
തണുപ്പിന്റെ കുളിരും.

കൊട്ടിയടയ്ക്കായ്കയെന്റെ കർണ്ണങ്ങളെ,
ഹൃദയശൂന്യ സ്തുതിഗീതങ്ങളാൽ.
കേൾക്കട്ടെ ഞാൻ 
ഹൃദയമുരുകും ദീനരോധനങ്ങൾ. 

അപ്പവും വീഞ്ഞും നേദ്യവുമൂട്ടിയുന്മത്തനാക്കാതെയെന്നെ.
കാണട്ടെ ഞാനെന്റെ  പേരിൽ നടക്കും  
പകൽക്കൊള്ളകൾ കൊലപാതകങ്ങൾ.

ഉരുകുന്നു  ഞാൻ,
വിശക്കുന്ന വയറിലെക്കൊഴുകാത്ത 
പാലിനാൽ നെയിനാൽ  അഭിഷിക്തനാകവേ. 

ഉരുക്കട്ടെ ഞാൻ,
എന്റെ സ്വർണ്ണ വിഗ്രഹങ്ങൾ ആടയാഭരണങ്ങൾ,
വിശക്കുന്ന ചുണ്ടിലൊരു  തുള്ളിനീരായുതിർക്കുവാൻ. 

സൃഷ്ടി-സ്ഥിതി-സംഹാര മൂർത്തിയായി,
ആൾദൈവങ്ങളുറയുമീയാസുര  കാലത്തിൽ,
നിന്നെ പടച്ചതിൻ  പാപക്കറ  പുരണ്ട കൈകൾ കൂപ്പി  
കേഴുന്നു ഞാൻ നിന്റെ മുന്നിൽ, എന്റെ മോക്ഷത്തിനായി.