നാളെ ചരിത്ര പരീക്ഷയാണ്.
ഏറെ തടിച്ച പുസ്തകം
അവൻ നിവർത്തി വെച്ചു.
സ്വാതന്ത്ര്യ സമരത്തിലെ
ടിപ്പുവിന്റെ സംഭാവനകൾ
ആരോ വെട്ടിമാറ്റിയിരുന്നു.
മലബാർ കലാപത്തിലെ
രക്തസാക്ഷികളുടെ പേരുകൾ
സിലബസിന് പുറത്തായിരുന്നു.
ചൈനീസ് വിപ്ലവത്തിലെ
മാവോയുടെ ചിത്രം
അച്ഛൻ കീറിയെറിഞ്ഞിരുന്നു.
സ്വതന്ത്ര ഭാരതത്തിലെ
അംബേദ്കറെ പഠിപ്പിക്കാൻ
അധ്യാപകൻ വിട്ടുപോയിരുന്നു.
വെട്ടിമാറ്റിയതും
മായ്ച്ചുകളഞ്ഞതും
കീറിയെറിഞ്ഞതും
വിട്ടുപോയതും
അവൻ പൂരിപ്പിക്കാൻ ശ്രമിച്ചപ്പോഴൊക്കെ
പരീക്ഷാ ഹാളിൽ വെടിയൊച്ച മുഴങ്ങി.