Monday, October 20, 2014

പ്രണയസത്യം

മഴയായി നിന്നു പെയ്യുന്ന നിന്നിൽ,
നനയുന്നു കത്തുമൊരുടലായി ഞാനും. 
പ്രണയനിണമായെന്നിൽ നീയൊഴുകുമ്പോൾ,
പ്രാണവായുവായകമേ നീ നിറയുമ്പോൾ,
അറിയുന്നു ഞാൻ, കരിമുകിൽ മാനത്ത് 
മാരിവിൽ വിരിയിക്കും  മാന്ത്രിക സ്പർശം.

വിരഹത്തീയിൽ വെന്തുരുകിയ പകലുകളിൽ,
വേദന തിന്നുറങ്ങിയ  രാവുകളിൽ,

അറിയാതറിഞ്ഞു, 
ഞാനെന്ന സങ്കടക്കരയിലെക്കൊഴുകിയടുത്തൊരു
ആശ്വാസ തിരയാണ് നീയെന്ന സത്യം.

പറയാതെ പറഞ്ഞു,
എനിക്കും നിനക്കുമിടയിലെയകലം,
കരക്കും കടലിനുമിടയിലേതെന്ന പ്രണയ സത്യം.

Thursday, October 16, 2014

ജീവിതയാത്ര

 കഥ മറന്നാ കളിയരങ്ങിൽ
 തനിയെ ഞാൻ നിന്ന രാവിൽ
സ്വപ്നലോല പൂഞ്ചിറകായ്
പറന്നിറങ്ങിയ ചാരുതേ..

മരങ്ങൾ പെയ്യും കണ്ണുനീരിൽ
കുതിർന്ന കളിമണ്ണായ ഞാൻ നിൻ
മൃദുല ലോല കൈവിരലാൽ
ഭംഗിയോലും ശില്പമായി.

എനിക്കു മാത്രം കേൾക്കുവാനായി
ഹൃദയതന്ത്രിക  മീട്ടുക നീ
വന്നുദിക്കുക നറുനിലാവായി
നിന്നു  കത്തുമെന്നിലായി.

കരം പിടിക്കുക,നടന്നു കൊള്ളുക
ദൂരമേറെ പോകുവാനായി .
ശാന്തി തിങ്ങും വനസ്ഥലികൾ
കാത്തു നില്പ്പുണ്ടാമവിടെ .
നമ്മെ കാത്തുനില്പ്പുണ്ടാമവിടെ.