Thursday, December 15, 2011

ഒരു യാത്രാവിവരണം

ഞാനൊരു യാത്രക്കൊരുങ്ങുന്നു-
സ്വന്തമസ്തിത്വം തേടിയൊരു യാത്ര.

എന്നെ നിശ്ചലമാക്കിയ മണ്ണട്ടികളടര്‍ത്തി മാറ്റി,
ദിശാസൂചികക്കായി  മിഴിക്കും കണ്ണുകളുടെ 
കാഴ്ച്ചവട്ടത്തിലേക്ക്  കടന്നു വന്നതാരാണ്? 

വെയിലേറ്റു പഴുത്ത തറയിലെ കുഞ്ഞു നഗ്നതയെൻ 
വസ്ത്രങ്ങളുടെ അപകര്‍ഷതയെ പരിഹസിക്കുന്നുവോ?

കുരുന്നുച്ചുണ്ടിലെയെച്ചില്‍ക്കഷ്ണമെന്‍
രുചിയില്ലായ്മയെ വിമര്‍ശിക്കുന്നുവോ?

കണ്ണീരിന്‍ നനവകന്ന വരണ്ട കണ്ണുകളിൽ ഞാൻ കണ്ടത്   
കണ്ണീരിൻ  വില സൂചികയോ???

ഈ വഴിയോരക്കാഴ്ചകളെന്‍റെ യാത്രക്ക്  വിഗ്നങ്ങളാകവേ, 
സഹതാപമെന്ന വികാരമേ, എവിടെ നീ പോയൊളിച്ചു ? 

ഉത്തരമില്ലാത്ത ചോദ്യങ്ങളെ ദിശാസൂചികയാക്കി
നടന്നു തുടങ്ങുന്നു ഞാന്‍ തിരികെ,
നടന്നു തീര്‍ത്ത വഴികളത്രയു൦ വീണ്ടും നടക്കുവാൻ.

നൊസ്റ്റാള്‍ജിയ

നിറപ്പകിട്ടാര്‍ന്ന ചലനങ്ങളെ ചില്ലുകൂട്ടിലടക്കുന്ന
സ്വാഭാവികതയാണ് മരണമെങ്കില്‍,

ആ നിശ്ചലതകളെ പൊടി തട്ടി സൂക്ഷിക്കുന്ന
പട്ടു തൂവാലയാണെന്നോര്‍മ്മകള്‍.

മൗനം


പകലുകള്‍ ശബ്ദം നിറക്കുന്ന,
ആഘോഷരാവുകള്‍ നിറങ്ങള്‍ പടര്‍ത്തുന്ന,
വിപ്ലവവീര്യം പ്രതിദ്ധ്വനിക്കുമീ-
യിടനാഴിയിലെന്നോ,
തമ്മിലറിയാതെ നീ നടന്നകലവേ,
ഒരു പിന്‍വിളിക്കിപ്പുറ൦
എന്‍റെ പ്രണയം മൌനാർദ്രമായിരുന്നു.

പിന്നീടെന്നോ,
പാതി മുറിഞ്ഞ വാക്കുകളില്‍ 
സ്വപ്നങ്ങള്‍ നാം നെയ്തെടുത്തപ്പോള്‍,
നിന്‍റെ ചുടുനിശ്വാസമേറ്റെന്‍റെ
കണ്ണീര്‍ചാലുകള്‍ വറ്റിവരണ്ടപ്പോള്‍,
നമ്മുക്കിടയിലെ മൌനം പ്രണയാര്‍ദ്രമായിരുന്നു.

ഇന്ന്,
മൌനം തുളുമ്പുമീയിടനാഴിയില്‍
നിന്നെ തനിച്ചാക്കി നടന്നകലുന്ന  ഞാനറിയുന്നു,
നമ്മുക്കിടയിലെ അകലം ശൂന്യമെന്ന്.
നീ ഞാന്‍ തന്നെയെന്ന്.