Sunday, December 30, 2012

പെണ്മ



അമ്മയാണ്, മകളാണെനിക്കു നീ സോദരിയും.
പക്ഷെ,
ഇരുളിന്‍ മറ വീണാലെന്‍ കാമാന്ധത 
പിച്ചിയെറിയുമൊരു  പനിനീര്‍ പൂവാണ് നീ.

പെണ്മേ,  
ആണിന്‍റെയടങ്ങാത്ത കാമ തൃഷ്ണയുടെ 
ഒരിക്കലുമൊടുങ്ങാത്ത രക്തസാക്ഷി നീ.


Saturday, November 24, 2012

മഴ

ഓരോ മഴയും ഒരു തിരിച്ചു വരവാണ്.
കടലിന്‍റെ മാറില്‍ നിന്നെന്നോ  പറിച്ചു മാറ്റപ്പെട്ട
ഒരു ജലകണത്തിന്‍റെ തിരിച്ചുവരവ്.
അനേകം ജലകണങ്ങളുടെ തിരിച്ചുവരവ്‌..

എന്നോ,
മാരിവില്ല് വിരിയുന്ന വാനം നോക്കി പറന്നു പൊങ്ങി,
സൂര്യതാപമേറ്റു വാടിപ്പോയവരുടെ
ദുഖം കനത്തോരു കാര്‍മേഘമാകുന്നു.
ഇളം തെന്നല്‍ തലോടലിലറിയാതെ വിതുമ്പുന്നു.

പിന്നെ,
പ്രവാസമുപേക്ഷിച്ച് മഴയായി പെയ്തിറങ്ങുന്നു
കടലിന്‍റെ വിരിമാറിലേക്ക്...
സ്വന്തം സ്വത്വത്തിലേക്ക്....


Thursday, September 27, 2012

മരീചിക

മടുത്ത് പിന്മാറാനൊരുങ്ങിലും                  
വീണ്ടും നടക്കാൻ പറയുന്ന                      
മരീചികകളേറെയുണ്ടാകുമോരോ            
ജീവിത മരുഭൂവിലും.

Sunday, July 29, 2012

കടല്‍_മനസ്സ്

ആര്‍ത്തലയടിക്കുന്ന കടലിന്‍റെ
അടിത്തട്ടിലൊരു മരുഭൂമിയുണ്ട്.
ആഴമേറിയ നീലജലക്കമ്പളത്താല്‍
മൂടിയോരൂഷര മരുഭൂമി.

ഓരോ മനസ്സിന്‍റെ സ്വകാര്യതയിലും
ഒരു തുരുത്തുണ്ട്
പ്രിയപ്പെട്ടവര്‍ക്ക് മാത്രം തുഴഞ്ഞെത്തുവാന്‍ പറ്റുന്ന,
ഏകാന്തത പൂക്കുന്ന തുരുത്ത്.

Wednesday, May 16, 2012

രക്തസാക്ഷി...

ഇരവിന്‍റെ മറവിലീത്തെരുവില്‍
ചുടു ചോരയൂറ്റിക്കിടന്ന നീ രക്താസാക്ഷി.
നേരിന്‍റെ നേറിവിന്‍റെ രക്തസാക്ഷി.
എരിയുമോരാശയ സമരത്തിന്‍ രക്തസാക്ഷി.

സ്മാരകശിലകളുയരുന്നു നിനക്കായി,
രക്തപുഷ്പങ്ങളായിരം പൊഴിയുന്നു.
ഉയര്‍ന്നു പൊങ്ങുന്നു ചുരുണ്ട മുഷ്ടികള്‍.
പതാകകള്‍ മുദ്രാവാചകങ്ങള്‍.

നീയൊരുജ്ജ്വല സ്മരണയായെരിയവേ,
നില്‍ക്കുന്നു ഞാനീയോര്‍മ്മക്കടലിന്നുമിപ്പുറ൦
ചെന്താരമായി നീയുദിക്കുവതും  കാത്തു-
രുകിയൊലിക്കും കണ്ണിമ  വെട്ടാതെ.

അറിഞ്ഞുവോ നീ,
തെരുവിലൊഴുകിയ നിന്‍ നിണം മായ്ച്ചതെന്‍ 
നെറുകയില്‍ നീയായ്‌ വരച്ചോരാ ശോണരേഖ.
കരാള ഹസ്തങ്ങളറുത്തെടുത്തതെന്‍
ദീര്‍ഘസൌമ൦ഗല്യത്തിന്‍ ജീവനാഡി.

ഇന്ന്,
ഞാനുമൊരു രക്തസാക്ഷി.
ജീവിതമെന്ന വലിയ നേരിൻ  
ജീവൻ തുടിക്കും രക്തസാക്ഷി.
വിണ്ണിലുദിച്ച രക്തതാരകo നീ, 
മണ്ണില്‍ മറന്ന സ്മാരകശില ഞാന്‍.

Monday, April 2, 2012

സ്വപ്നങ്ങളുടെ ഭ്രുണഹത്യ

ഓര്‍മ്മകളുടെ മാറാപ്പൊരുക്കിത്തുടങ്ങും  മുന്‍പേ
സ്വപ്നങ്ങളെനിക്കു പരിചിതരായിരുന്നു.
മുലപ്പാലിനൊപ്പം അമ്മ ചുരത്തി നല്‍കിയ സ്വപ്നങ്ങള്‍
മുലപ്പാലിനോളം മധുരിതമായിരുന്നില്ലെന്നാലും.
നിറമകന്ന ബാല്യകൗമാര  സ്വപ്നങ്ങളിൽ നിരാശനാകാതെ
സ്വപ്നവിഹായസ്സിലൊരു കെട്ടറ്റ പട്ടമായി ഞാനലഞ്ഞു.

യൌവന ലഹരി സിരകളില്‍ നുരയവേ,
എന്‍റെ സ്വപ്നങ്ങള്‍ക്കും ചിറകുകള്‍ മുളച്ചു.
സാങ്കല്പികതയുടെ ചക്രവാളങ്ങളിലേക്കവ
ചിറകടിച്ചുയരവേ,
പ്രണയാതുരമെൻ മനക്കണ്ണുകളീറനണിഞ്ഞു.

പുതുസ്വപ്നങ്ങൾക്കൂർജ്ജം തേടിയ പകലുകളിൽ
ചുടുനിണം മണക്കുന്ന വിപ്ലവാശയങ്ങളും
ആര്‍ദ്ര പ്രണയവും വിതച്ച ബീജങ്ങളെ,
രാവിന്‍റെ നിശബ്ദതയില്‍   വിരിയിച്ചെടുത്തു ഞാന്‍.
നിദ്രാസൗധത്തിന്നിരുണ്ട ഇടനാഴികളില്‍
നിശാശലഭങ്ങളായവയെനിക്ക് കൂട്ടുവന്നു.

ഏതോ പുലരിയില്‍,
ഒരു ദുസ്വപ്നത്തില്‍ ഞെട്ടിയുണ൪ന്ന ഞാന്‍
സ്വപ്നങ്ങളെ വെറുക്കാന്‍ തുടങ്ങി.
ചുകപ്പു മങ്ങിയ വിപ്ലവ ചക്രവാളവും
വിരഹാ൪ദ പ്രണയവുമെനിക്കു  പ്രേരകങ്ങളായി.

നഷ്ടസ്വപ്നങ്ങളുടെ ഭാണ്ഡത്തിനു ഭാരമേറിയപ്പോള്‍,
മനോവ്യാപാരത്തിൻ  മനോഹാരിതയെനിക്ക്,
നാഡിവ്യൂഹത്തിൻ  നൈമിഷിക ചഞ്ചലതകള്‍ മാത്രമായി.
ഭ്രുണഹത്യ ചെയ്യപ്പെട്ട സ്വപ്നങ്ങളെ സാക്ഷിയാക്കി
കോമരം തുള്ളി ഞാന്‍,
ശാന്തിയുടെ മൂഡസ്വര്‍ഗം പ്രാപിച്ചു.

ഇന്ന്,
സ്വപ്നങ്ങളുടെ നനുത്ത സ്പര്‍ശമേൽക്കാത്ത
ഊഷര രാവുകളില്‍,
കബന്ധങ്ങള്‍ കവച്ചു വെച്ച് പിന്നിടും യാത്രയില്‍,
അറിയുന്നു ഞാനെന്നത് വെറുമൊരു സങ്കല്പമെന്ന്.
ഏതോ ഭ്രാന്തസ്വപ്നത്തിലെ നായക സങ്കല്പ്പമെന്ന്.

നേർക്കാഴ്ച

ചിരിക്കാനറിയുന്ന പൌഡര്‍ മുഖങ്ങള്‍ക്കു   
പിരിവു കാശ് വാരി വിതറുന്നവര്‍.
നേ൪ച്ചപ്പെട്ടികള്‍ നിറക്കാന്‍,
ശിലയെയൂട്ടാന്‍, 
 മത്സരിപ്പവര്‍.

കാണാത്തതെന്തിവര്‍,
ചിരിക്കാന്‍ മറന്നൊരു കണ്ണീര്‍ മുഖങ്ങളെ??? 

കേള്‍ക്കാത്തതെന്തിവര്‍,
ചായം പുരളാത്ത വരണ്ട ചുണ്ടില്‍ നിന്നുതിരും 
വിശപ്പിന്‍ വിളികളെ???

Saturday, February 11, 2012

കടപ്പുറത്തെ ഒട്ടകം


സായാഹ്ന സവാരിയിലെന്നോ 
ഞാൻ കണ്ടൊരപൂർവ്വ ദൃശ്യം-
"കടപ്പുറത്തെ ഒട്ടകം "
നീളന്‍ കഴുത്തും കൂനന്‍ മുതുകുമായി 
കടപ്പുറത്തെ പുതു സവാരി വണ്ടി.

നീലക്കടലിന്നപാരതയിലേക്ക് നീളുന്ന 
കണ്ണിൽ തെളിയുന്നു 
കത്തുന്ന വെയിലിൻ , തീപ്പൊടിക്കാറ്റിന്നോര്‍മ്മകള്‍.
മരുഭൂവിന്നൂഷരതക്കായ് ദാഹിക്കുന്നവ,
കരയില്‍ പിടിച്ചിട്ട മത്സ്യങ്ങള്‍ പോലവേ.
ഓടാന്‍ വെമ്പുമുറച്ച കാലുകളേതോ 
അദൃശ്യമാം ചങ്ങലയെ  ഭയപ്പെടുമ്പോലെ.

"മരുഭൂവിന്‍റെ കപ്പലിനു" കടപ്പുറത്ത് നങ്കൂരമിട്ട
വിധിയെ പഴിച്ചു ഞാന്‍ പതിയെ നടക്കെ,
അകലെയോളങ്ങളിലാടിയുലയും വഞ്ചികള്‍,
മഴയിലൊഴുകുo  കടലാസ്സുവഞ്ചികൾ.
തൊടിയിലെ പച്ചപ്പിലേക്കോടാന്‍ വെമ്പുന്ന കാലുകള്‍
ചുടു മണലിലാഴ്നാഴ്ന്നു പോകുന്നു.

ചക്രവാളത്തില്‍ പകല്‍സൂര്യന് പട്ടടയൊരുങ്ങവേ,
അറിയാത്ത വഴികളില്‍, ഇല്ലാത്ത ലക്ഷ്യങ്ങള്‍ തേടി,
തുടരട്ടെ ഞാനീയേകാന്ത പ്രയാണം-കടപ്പുറത്തെ ഒട്ടകം സമം