Tuesday, December 27, 2016

ഓർമ്മ വേണം

പെൺകുട്ടി: ഞാൻ മൈതാനത്ത് കളിക്കാൻ പോകട്ടേ?
അച്ഛൻ: വേണ്ട. നീയൊരു പെൺകുട്ടിയാണ്.ഓർമ്മ വേണം.

പെൺകുട്ടി: ഞാൻ കൂട്ടുകാരിക്കൊപ്പം അമ്പലത്തിൽ പോകട്ടെ?
അമ്മ: വേണ്ട. നിനക്ക് " ആ ദിവസങ്ങളാണ്". ഓർമ്മ വേണം.

പെൺകുട്ടി: ഞാൻ കൂട്ടുകാർക്കൊപ്പം സിനിമക്ക് പോകട്ടെ?
സഹോദരൻ: വേണ്ട. നീ കല്യണ പ്രായമായവളാണ്. ഓർമ്മ വേണം.

പെൺകുട്ടി: നാളെ ഞാൻ ജീൻസും ടോപ്പും ഇട്ടോട്ടേ?
കാമുകൻ: വേണ്ട. നീയൊരു പെണ്ണാണ്. ഓർമ്മ വേണം.

പെൺകുട്ടി: ഞാനൊരു ജോലിക്ക് ശ്രമിക്കട്ടെ?
ഭർത്താവ്: വേണ്ട. നീയൊരു വീട്ടമ്മയാണ്. ഓർമ്മ വേണം.
------------------------------------------------------------------------------------------
മകൾ: ഞാൻ പാർക്കിൽ കളിക്കാൻ പോകട്ടേ?
അമ്മ (പഴയ പെൺകുട്ടി): വേണ്ട. നീയൊരു പെൺകുട്ടിയാണ്. ഓർമ്മ വേണം.

Thursday, August 18, 2016

സഫലമീ യാത്ര

ഉറക്കമുണരുക                              
കണ്ണുകൾ മിഴിക്കുക                       
സ്വപ്നങ്ങൾ കാണുക                     
കൈകൾ കോർക്കുക                
പാട്ടൊന്ന് മൂളുക       
പതിയെ നടക്കുക                       

കാരമുൾക്കാട്ടിലൊരു
പൂവിനായി പരതുക
കണ്ണീർമഴയിലും ചിരി-                        
ച്ചെരാതുകൾ തെളിക്കുക

നുണയാഴിയിൽ നേരിൻ                 
തുരുത്തുകൾ തിരയുക                            
മറവിക്കയങ്ങളിലോർമ്മ-                 
ച്ചെപ്പുകൾ ചികയുക

കനൽ വഴികൾക്കാ-                        
യൂർജ്ജം കരുതുക                                   
ജീവിത മരുഭൂപ്പരപ്പിൽ                              
മരുപ്പച്ചകൾ തേടുക          

നടന്നു തളരുക                                      
കാലുകൾ നീട്ടുക
മിഴികളsക്കുക                                      
പാടിയുറക്കുക
നോവുമാത്മാവിനെ

Sunday, August 7, 2016

ഗുൾമോഹർത്തണലിൽ

കാലമേറെ കടന്നു പോയി, വർഷ-
കാലവും വേനലും വന്നു പോയി.
ഇലകളേറെ പൊഴിഞ്ഞ നിൻ തണൽ തേടി  
തിരികെയെത്തുന്നു ഞാനും വസന്തവും.

എന്റെ സഖാക്കളുയർത്തിയ വെൺകൊടി
നിന്റെ ചില്ലയിൽ പാറിപ്പറക്കുന്നു.
മുഷ്ടികളായിരം ചുറ്റുമുയരുന്നു.
മുദ്രാവാക്യം മുഴക്കുന്നു നെഞ്ചകം.

നിന്റെ തണലിൽ വിരിഞ്ഞതാണല്ലോ
എന്റെ പ്രണയവും പ്രത്യയശാസ്ത്രവും.
നിന്നിൽ നിന്നും നീളുമീ പാതയി-
ലൂടെ വന്നവരെന്റെ സഖാക്കളും.

മണ്ണിലൊന്നായുയർന്നു പൊങ്ങീടിലും
പലതായി പിരിയുഞ്ഞുപോം  ശിഖരങ്ങളെപ്പോൽ,    
പല വഴി തേടിപ്പിരിഞ്ഞു പോയെങ്കിലും
നിന്റെ വിത്തുകളുള്ളിൽ തളിർക്കുന്നു.

വരും ജന്മമുണ്ടെങ്കിലീ മരച്ചില്ലയിൽ              
ചോര പൂക്കും പൂവായി പിറന്നിടും.
രക്തപുഷ്പങ്ങളിനിയും പൊഴിക്ക നീ-
യീ ചുവന്ന മണ്ണിനേയേറെ ചുവപ്പിക്കാൻ.

Thursday, July 21, 2016

ഉപ്പ് മഴ

ഓരോ മഴക്കുമൊരു സ്വപ്നമുണ്ട്.
വരണ്ട മണ്ണിലേക്കൊരു
വരമായി പെയ്തിറങ്ങാൻ.
ചെറു ചാലായി, കാട്ടു ചോലയായി
സ്വസ്‌ഥമൊഴുകാൻ.
ഒരു കുത്തൊഴുക്കായി വന്ന്‌
അതിരുകളലിയിച്ചൊഴുക്കാൻ.
പിന്നെയൊരു പുഴയായി
തളർന്നുറങ്ങാൻ.

ഒടുവിൽ,
ഒന്നുമാകാതെയെങ്ങുമെത്താതെ,
മറ്റൊരു മഴയായി പെയ്യുവാൻ മാത്രം,
കടലിൻ മടിയിൽ വന്നടിയും
മഴയുടെ കണ്ണീരുപ്പിനാലോ,
കടലിനെന്നുമീ  ഉപ്പുരസം??

Wednesday, July 6, 2016

ചുവരെഴുത്ത്

പ്രണയം ഒരു ചുവരെഴുത്താണ്.            
അവനവൻ രക്തത്തിൽ കൈമുക്കിയന്യോന്യം,
ഹൃദയഭിത്തികളിലാഴത്തിലെഴുതും ചുവരെഴുത്ത്.

Wednesday, May 4, 2016

ബന്ധങ്ങൾ

ചില ബന്ധങ്ങൾ കരിങ്കൽ സൗധങ്ങളെ പോലെയാണ്.
കല്ലുകൾ ചിലതിളകി മാറിയാലുമിളകാതെയുടയാതെ നിൽക്കുo.          

മറ്റു ചിലതാകട്ടെ ചീട്ടു കൊട്ടാരം പോലെയും.        
ചീട്ടൊന്നിളകിയാൽ പോലും തകർന്നു നിലം പൊത്തുന്നവ.

Thursday, April 21, 2016

പ്രതിജ്ഞ

ഇന്നു ഞാൻ തേടുന്ന തണൽ 
ഇന്നലെ ഞാൻ വീഴ്ത്തിയ മരത്തിന്റേതാണ്.

ഇന്നു ഞാൻ കൊതിക്കുന്ന തെളിനീര്    
ഇന്നലെ ഞാൻ വറ്റിച്ച പുഴയിലേതാണ്.   

ഇന്നു ഞാൻ കാലുറപ്പിച്ചു നിൽക്കുന്ന മണ്ണ്             
ഇന്നലെയവരെനിക്കായി കൂട്ടി വെച്ചതാണ്

അതിനാൽ,
ഇന്നു ഞാൻ കരുതി വെക്കട്ടെ നാളേക്കായി,
ഒരു തുണ്ട് തണലും ഒരു കുമ്പിൾ തെളിനീരും ഒരു പിടി മണ്ണും.