അന്ന്,
എടാ എന്ന് വിളിച്ചാൽ
പോടാ എന്ന് പറയാനും
കയ്യാേങ്ങിയാൽ
നെഞ്ച് വിരിക്കാനും
ശബ്ദമുയർത്തിയാൽ
മുഷ്ടി ചുരുട്ടാനും
പുലയനെന്ന് വിളിച്ചാൽ
തല നിവർത്താനും -
ഒപ്പം നടന്ന്
അവർ ഞങ്ങളെ പഠിപ്പിച്ചു.
അങ്ങനെ ഞങ്ങൾ,
കാണരുതാത്തത് കണ്ടു
മിണ്ടരുതാത്തത് മിണ്ടി
തൊടരുതാത്തത് തൊട്ടു
തീണ്ടരുതാത്തത് തീണ്ടി
നടക്കരുതാത്തിടം നടന്നു.
ഇന്ന്,
എടാ എന്ന് വിളിച്ചാൽ
അരുതെന്ന് വിലക്കിയും
കയോങ്ങിയാൽ
വലയം തീർത്തും
ശബ്ദമുയർത്തിയാൽ
പ്രതിഷേധിച്ചും
പുലയനെന്ന് വിളിച്ചാൽ
അധിക്ഷേപമാരോപിച്ചും -
അകങ്ങളിലിരുന്ന്
നിങ്ങൾ ഞങ്ങളോട് ഐക്യപ്പെട്ടു.
അങ്ങനെ ഞങ്ങൾ,
കാൽമുട്ടിനടിയിലും
കയററ്റത്തും
ശ്വാസം മുട്ടി പിടഞ്ഞു.