Sunday, November 3, 2013

സ്വപ്നഭേദം

എനിക്ക് സ്വപ്നങ്ങളുണ്ടായിരുന്നു, അവർക്കും.
എന്റെ സ്വപ്‌നങ്ങൾ കല്ലു പോലെ കനത്തതും 
അവരുടേത്  പൂവ് പോലെ  മൃദുലവുമായിരുന്നു. 

സ്വപ്നങ്ങളാൽ മാനം മുട്ടുമൊരു കൊട്ടാരം പണിതു  ഞാൻ. 
അവരോ നിലം പറ്റുമൊരു കുടിലും.

ഇന്നലെയിരവിൽ പെയ്ത പേമാരിയിൽ ,
വീശിയ കൊടുംകാറ്റിൽ, 
സ്വപ്ന-ശിലാസൌധം തകർന്നു മണ്ണിലാഴ്ന്നു പോയി ഞാൻ .
പക്ഷെ,
അവരുടെ കുടിലിന്നു പകരമുയർന്നു നിന്നു പുതിയതൊന്ന്.

പ്രണയവിപ്ലവം

വിപ്ലവത്തിനും പ്രണയത്തിനും നിറമൊന്നാണ് - രക്തച്ചുകപ്പ് 

ജീവരക്തതാൽ വിപ്ലവമെഴുതപ്പെടുo,
പ്രണയം ഹൃദയരക്തതാലും. 
വിപ്ലവം വരും തോക്കിൻ കുഴലിലൂടെ,
വരും പ്രണയം നോക്കിലൂടെ,
പിന്നെ വാക്കിലൂടെ.
ജയിച്ച വിപ്ലവമെഴുതപ്പെടും 
ചരിത്രത്തിൻ സുവർണ്ണ ലിപികളാൽ.
വലിച്ചെറിയപ്പെടും പരാജയപ്പെട്ടവ 
ചരിത്രത്തിൻ ചവറ്റുകൊട്ടയിൽ. 
ജയാപജയങ്ങളില്ല  പ്രണയത്തി-
നതൊരനസ്യൂത പ്രവാഹം മാത്രം.

Tuesday, October 15, 2013

മൂല്യം

പണത്തിന്‍റെ മൂല്യമെനിക്കറിയണം.
ഒരിക്കല്‍ പെരുകുന്ന,പിന്നെ ചുരുങ്ങുന്ന
പണത്തിന്‍റെ യഥാര്‍ത്ഥ മൂല്യമെനിക്കറിയണം.

ആളുകള്‍ പലരോടുമാരാഞ്ഞു ഞാൻ
താളുകള്‍ പലതും മറിച്ചു നോക്കി
പക്ഷെ, ഉത്തരം മാത്രം ശിഷ്ടം.

ഇന്ന്,
നീട്ടിയ കൈയില്‍ ഞാനിട്ട നാണയത്തുട്ട്
കുഞ്ഞുച്ചുണ്ടില്‍ വിരിയിച്ച പുഞ്ചിരിയിൽ
ഞാനെൻറെ ഉത്തര൦ കണ്ടെത്തി.

Sunday, September 29, 2013

എന്‍റെ കവിത

അനുഭവമുള്‍പ്പടര്‍പ്പില്‍ കുരുങ്ങിപ്പിടയുന്ന ഹൃദയം
മുറിഞ്ഞോഴുകും ചുടുചോരയാണു കവിത.

ദുഖസ്മൃതികളില്‍ മധുരം നുണയുമാത്മാവിന്‍
നിശബ്ദ തേങ്ങലാണു കവിത.

രാത്രിഞ്ചരന്‍മാര്‍ പിച്ചിയെറിയുന്ന നിശാപുഷ്പ മന്ദസ്മിതങ്ങളും,
പിന്നെ തെരുവില്‍ പടരുന്ന ചോരയുടെ,നിറവും ഗന്ധവും കവിത.
മരണം കൊതിക്കുന്ന ദുഖ മാനസത്തിന്നവസാന തുടിപ്പാണു കവിത.

പക്ഷെ,
മുനയൊടിഞ്ഞ പേനത്തലപ്പില്‍ നിന്നുതിരും
മഷിത്തുള്ളി മാത്രമാണെന്‍റെ കവിത.

Sunday, September 15, 2013

വൈരുദ്ധ്യാത്മക ഭൌതികവാദം

"ഓണം ഒരു ബൂര്‍ഷ്വാ സങ്കല്‍പ്പമാണ്"-
സഖാവാണെന്നോട് ആദ്യമായതു പറഞ്ഞത്‌.........

പിന്നീട്,

ഓര്‍മ്മപ്പൂക്കളങ്ങള്‍ മായ്ച്ചു പെയ്ത
കണ്ണീര്‍മഴയുടെ നനവുള്ള പകലുകളില്‍. 
ഒട്ടിയ വയറിനെ ഒരോണസദ്യയുടെ
സ്വപ്നമൂട്ടിയുറക്കിയ രാവുകളില്‍
ഒരു മന്ത്രം പോലെ ഞാനതേറ്റു ചൊല്ലി.

ഇന്ന്,
സഖാവിന്‍റെ ഫേസ്ബുക്ക് ചുവരില്‍ 'പോസ്റ്റ്‌' ചെയ്യപ്പെട്ട 

നിറപ്പകിട്ടാര്‍ന്ന ഓണചിത്രങ്ങള്‍ക്കുള്ള എന്‍റെ 'കമന്‍റ്'
എന്നെയൊരു പാര്‍ട്ടി വിരുദ്ധനാക്കി.

Saturday, August 10, 2013

ഓര്‍മ്മകള്‍

ഓര്‍മ്മകളെനിക്ക് ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളാണ്.
മൃദു മേനി കാട്ടി ഇന്നലകളിലേക്കവയെന്നെ മാടി വിളിക്കു൦.
പിന്നിട്ട വഴികളില്‍,പതിയെ നടന്നു ഞാന്‍ തുടങ്ങവേ,
വഴിത്തിരിവുകളെതിലോ തിരിഞ്ഞു നില്‍ക്കും.
പിന്നെ കോമ്പല്ല് കാട്ടി പല്ലിളിക്കും.
കൂര്‍ത്ത നഖങ്ങളെന്‍ ഹൃദയതിലാഴ്ത്തവേ,
എന്‍റെ മിഴികളില്‍ നിന്നും ചുടു ചോര കിനിയും.

Saturday, June 29, 2013

മഴ-എനിക്കും അവര്‍ക്കും

എനിക്ക്:

മഴ എനിക്കൊരു സ്വപ്നമാണ്.
വേനല്‍മഴയെ ധ്യാനിച്ച  വരണ്ട പകലുകളില്‍,
രാത്രിമഴക്കായി കൊതിച്ചോരൂഷര രാവുകളില്‍,
പെയ്യാതെ പെയ്തോരെന്‍ പ്രിയ സ്വപ്നം.

ഒരു കുടയുടെ, കോണ്‍ക്രീറ്റ് മേല്‍ക്കൂരയുടെ തണലില്‍
മഴയെ ഞാന്‍ പുൽകി, ഒരു തുള്ളി പോലും നനയാതെ.
ജാലക വാതിലിനപ്പുറം,
തൊടിയിലെ പച്ചപ്പും  നനഞ്ഞ മണ്ണിന്‍ ഗന്ധവുo
മഴയിൽ ഞാനുന്മത്തനാകുന്നു.
ഞാന്‍ മഴയെ പ്രണയിക്കുന്നു.

അവര്‍ക്ക്:

മഴ അവര്‍ക്കെന്നുമൊരു പേടിസ്വപ്നം.
ഓല മേഞ്ഞ മേല്‍ക്കൂരകീറിലൂടെ
വക്കൊടിഞ്ഞ അത്താഴപ്പാത്രത്തിലേക്ക്
പെയ്തിറങ്ങുന്ന കുസൃതി മഴ.

കുടയില്ലാതോടുന്ന വഴികളില്‍,
ഈറന്‍ മണമുള്ള ഒറ്റയുടുപ്പും
നെഞ്ചോടു ചേര്‍ന്ന പുസ്തകക്കെട്ടും
നനച്ചു പെയുന്ന വികൃതി മഴ.

ഉറ്റവരുടെ ചോരയായി പരന്നൊഴുകുന്ന,
അമ്മയുടെ കണ്ണിലെ തോരാത്ത കണ്ണീരായി,
കനത്തു പെയ്യുന്ന പേമഴ.

എങ്കിലും,
അവരും മഴയെ പ്രണയിക്കുന്നുവത്രേ.

Monday, June 17, 2013

പ്രണയോപഹാരം

പ്രണയം പൂക്കുമൊരു വാലന്‍റൈന്‍സ് ദിനത്തില്‍,
പ്രണയത്തിന്‍ പ്രതിരൂപമൊരുപഹാരം തേടി നിരാശനവന്‍ ശൂന്യഹസ്തനായി മുന്നില്‍ നില്‍ക്കെ,

ഒരു ചെമ്പനീര്‍ പൂവ്   നീട്ടിയവള്‍ മൊഴിയുന്നു,
 പ്രണയാര്‍ദ്രയായി,

"ഇതെന്‍റെ പ്രണയമാണ്"



Wednesday, February 20, 2013

എന്‍റെ പ്രണയം


പ്രണയമൊരു കടലായകമേ നിറയുമ്പോള്‍,
നീയെന്ന കര തേടിയലയും ചെറു നൌക ഞാന്‍.
താരകള്‍ കണ്ണു ചിമ്മും വിണ്ണിന്നു താഴെ
ഞാനും, വിളക്കുമരമായി നീയും.

ഇല പൊഴിയും ശിശിരവും വർണ്ണ വസന്തവും.
കത്തുന്ന വേനലും പെയ്തൊഴിയാ വര്‍ഷവും.
മാറുന്നു  ഭാവങ്ങള്‍, ഋതുക്കളെന്ന പോൽ.

മാറിയതില്ലെന്‍ പ്രണയത്തിന്‍ ഭാവമേതു-
കൊടുംകാറ്റിലുമേതു പ്രളയത്തിലും.
എറിയതിന്‍ വീര്യം, പഴകുന്ന വീഞ്ഞു പോൽ.