Saturday, September 2, 2017

പ്രണയാനന്തരം

പ്രണയിച്ച് തുടങ്ങുമ്പോൾ
അവർ രണ്ടാത്മാക്കളായിരുന്നു.
നിറവും ഗന്ധവും രൂപവുമില്ലാതെ
ഒന്നാകുവാനുടമ്പടി ചെയ്തവരങ്ങനെ
ശൂന്യതയിൽ പാറിപ്പറന്നു.
വൻമലകൾ താഴെ നാണിച്ചു നിന്നു.

കാലാന്തരേ,
അവർക്കു ശരീരങ്ങൾ മുളച്ചു.
മണ്ണിൽ കാലൂന്നി,
കൈകൾ കോർത്തവർ നടന്നു.
അകമറിയാതെ പരസ്പരം
ഉടലഴക് പാടിപ്പുകഴ്ത്തി.
പ്രാണനേക്കാൾ പ്രിയതരം
പ്രണയമെന്ന് മത്സരിച്ചോതി.
പിന്നെയവർ വെറും ആണും പെണ്ണുമായി.
മാംസനിബദ്ധമാണ് രാഗമെന്നുറക്കെ പാടി.

പിന്നെയെന്നോ,

പ്രണയമെന്ന വാക്കാലുടമ്പടിക്കവർ
വിവാഹമെന്ന രേഖ ചമക്കാനൊരുങ്ങി.
മതവും ജാതിയും
വർഗ്ഗവും വർണ്ണവും
ഇടയിൽ മതിലുകൾ പണിതു.
അരമതിലുകളവ മറികടക്കാൻ മെനക്കെടാതെ,
മതിലിനപ്പുറമിപ്പുറം പ്രണയമസാധ്യമെന്ന
പ്രയോഗികതയിലൂന്നി,
ഇരുവരുമെതിരേ നടന്നു പോകുന്നു.
ഉടലുകൾ രണ്ടായി പിരിഞ്ഞു പോകുന്നു.

മരണമില്ലാ പ്രണയമപ്പോഴും
മതിലില്ലാ മാനത്ത് കത്തിനിൽക്കുന്നു;
ഇനിയുമാരെയോ കാത്തു നിൽക്കുന്നു.

Saturday, July 29, 2017

പ്രശ്നഭേദം

അവന്റെ പ്രശ്നങ്ങൾ ഇന്റർനാഷണലാണ്.
അവളുടേതാകട്ടെ കട്ട-ലോക്കലും.

ആഗോള താപനത്തിന്റെ തോതിൽ
അവൻ ഉത്കണ്ഠാകുലനാകുമ്പോൾ,
സ്കൂൾ വിട്ട് വന്ന മകന്റെ പനിച്ചൂട്
അവളെ പരിഭ്രമിപ്പിക്കുന്നു.

സ്ത്രീവിരുദ്ധ ചെയ്തികൾക്കെതിരെ അവൻ വാചാലനാകുമ്പോൾ,
മകൾക്ക് നേരെ നീളുന്ന കണ്ണുകൾ അവളെ പേടിപ്പെടുത്തുന്നു.

രാജ്യാന്തര അതിർത്തിത്തർക്കങ്ങൾ അവനെ അലോസരപ്പെടുത്തുമ്പോൾ,
മകനും മകൾക്കുമിടയിലെ വഴക്ക്
അവളെ വിഷമത്തിലാക്കുന്നു.

പ്രകൃതി വിഭവശോഷണത്തെ പറ്റി
അവൻ ചിന്താകുലനാകുമ്പോൾ,
അടുക്കളയിലെ ഇല്ലായ്മകളെ പറ്റി
അവൾ പരാതിപ്പെടുന്നു.

ദേശീയതയുടെ പേരിലെ കരി നിയമങ്ങൾ
അവനെ വേവലാതിപ്പെടുത്തുമ്പോൾ,
വീട്ടിൽ നിറയുന്ന പാറ്റകളെ പറ്റി
അവൾ ആവലാതി പറയുന്നു.

അവന്റെ പ്രശ്നങ്ങൾ ദിനംപ്രതി പുതിയതാണ്.
അവളുടേതോ കാലപ്പഴക്കമേറിയവയും.
അവന്റെ പ്രശ്നങ്ങൾ എണ്ണിയാലൊടുങ്ങില്ല.
അവളുടേതാകട്ടെ വിരലുകളാലെണ്ണിയെടുക്കാം.

അയഥാർത്ഥ ലോകത്തിരുന്ന്
അവൻ തന്റെ ഇന്റർനാഷണൽ പ്രശ്നങ്ങളോട് പ്രതികരിക്കുമ്പോൾ,
യഥാർത്ഥ ലോകത്തിരുന്ന്
അവൾ തന്റെ കട്ട-ലോക്കൽ
പ്രശ്നങ്ങൾ പരിഹരിക്കുന്നു.

Thursday, April 27, 2017

അന്തരം

പിച്ച വെച്ച് നടന്നപ്പോളവർ 
കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു        

പിച്ച എടുത്ത് നടന്നപ്പോളവർ     കല്ലെറിഞ്ഞു പരിഹസിച്ചു

Tuesday, March 7, 2017

എന്‍റെ ഭ്രാന്ത്‌

അറിയാ കണ്ണില്‍ നിന്നുതിരുന്ന കണ്ണീരെന്‍
കവിളിണ നനയ്ക്കുന്നതെന്‍റെ ഭ്രാന്ത്‌.

കറങ്ങുന്ന ഭൂവിതില്‍ കറങ്ങാതെ നില്‍ക്കുവാന്‍
ലഹരികളരുതേയെന്നുരയുന്ന ഭ്രാന്ത്‌.

മതവും ജാതിയും മതിലുകള്‍ തീര്‍ക്കാത്ത,
ഉണ്ണാമരണങ്ങള്‍ കേള്‍ക്കുവാനില്ലാത്ത,
കള്ളവുമില്ല  ചതിയുമില്ലെന്നേവരും ചൊല്ലുന്ന,
മാവേലി നാടിൻ സ്വപ്നവുമിന്നു  ഭ്രാന്ത്‌.

ഭ്രാന്തന്‍ ചിന്തകള്‍ സിരകളില്‍ നുരയവേ
ഭ്രാന്തനെന്നാര്‍ത്തു കൊണ്ടെതിരെ വരുന്നോരുടെ
പുറകെ നടക്കുന്നതാണിന്നെന്‍റെ ഭ്രാന്ത്.

Saturday, January 14, 2017

അകലം

പ്രണയം:
എനിക്കും നിനക്കുമിടയിലെ കടലകലം ഒരു നിശ്വാസമായി ചുരുങ്ങുന്നു

മരണം:
ഒരു നിശ്വാസത്തിന്റെ യകലം നമുക്കിടയിലൊരു കടലായി നിറയുന്നു