അറ്റമില്ലാത്ത മണൽപ്പരപ്പിനു നടുവിൽ,
അവന്റെ കൈ പിടിച്ച് അവൾ പറഞ്ഞു-
"ഇവിടെ ഒരു പുഴയുണ്ടായിരുന്നു...
എന്റെ ബാല്യ- കൌമാരങ്ങളുടെ കടലാസ്സു വഞ്ചികൾ ഒഴുകിയകന്ന പുഴ;
ഒരുമിച്ചു നീന്തിയ ദൂരങ്ങൾ കൊണ്ട് ആഴം അളക്കപ്പെടാത്ത ആത്മബന്ധത്തിന്റെ പുഴ;
വർണ്ണ-വർഗ്ഗങ്ങൾ തീർത്ത അതിരുകൾ
മുറിച്ചൊഴുകിയ സ്നേഹബന്ധത്തിന്റെ പുഴ."
അവന്റെ അവിശ്വാസം ചുഴിയുന്ന നോട്ടം ഗൗനിക്കാതെ അവൾ വീണ്ടും പറഞ്ഞു-
"ഇവിടെ ഒരു പുഴയുണ്ടായിരുന്നു..
ആ പുഴയിലൂടെ,
നീ എന്നിലേക്കും
ഞാൻ നിന്നിലേക്കും
നീന്തിയ ദൂരം
നാമൊരുമിച്ചു നീന്തിയതിലുമേറെയാണ്"
അന്നേരം,
അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീരിൽ,
ആ പുഴ കര കവിഞ്ഞൊഴുകുന്നത്
അവൻ കണ്ടു.
No comments:
Post a Comment