കടന്നു പോകുമീ കാലവും
കടന്നു വന്നതേറയല്ലേ നാം
അന്ന്,
അറിവിന്റെയഗ്നി തെളിച്ച്
കൂരിരുൾ കാടിറങ്ങിയവർ
പാരിൽ പറുദീസ പണിതവർ
പകച്ചു പോകാതെ പറന്നുയർന്നവർ
അറച്ചു നിൽക്കാതെ ആഴമളന്നവർ
ഹാ...നമ്മൾ മാനവർ
നമ്മളെത്ര കണ്ടവർ -
മാറാവ്യാധികൾ, മഹായുദ്ധങ്ങൾ
നമ്മളെത്രയറിഞ്ഞവർ -
പ്രകടമായ ക്ഷാമവും പ്രകൃതിയുടെ ക്ഷോഭവും
നമ്മളെത്രയെതിരിട്ടവർ,
അധിനിവേശച്ചാട്ടയും അധികാര വർഗ്ഗ വേട്ടയും
തീക്കാറ്റിലും വാടാതെ നിവർന്നവർ
പേയൊഴുക്കിലും മുങ്ങാതെ തുഴഞ്ഞവർ
ഹാ... നമ്മൾ മാനവർ
ഇന്ന്,
ഇരുൾ തുരങ്കമിതിൽ
ഇടറാതെ നടക്കണം
വെട്ടമുണ്ടങ്ങകലെയായി
വെക്കമവിടെയെത്തണം.
ഒറ്റയൊറ്റയായി നിരന്നിടാം
ഒന്നിച്ചൊന്നായി നേരിടാം
ഉടലകത്തിടാം ഉള്ളടുത്തിടാം
പതറിടാതെ പൊരുതിടാം
കടന്നു പോകുമീ കാലവും
കടന്നു വന്നതേറയല്ലേ നാം
No comments:
Post a Comment