Thursday, June 20, 2019

ഒരു പ്രണയ ഗാനം

ഇവിടെയീ പടിയിലിന്നൊറ്റക്കിരിക്കുമ്പോൾ നിന്നെക്കുറിച്ചേറെയോർത്തു പോകുന്നു ഞാൻ.

കലാലയത്തിന്നിടനാഴിയിലന്ന് നമ്മൾ,
കണ്ടിട്ടും കാണാതെ പോയതല്ലേ.
കണ്ണുകളകന്നിട്ടും കരളുകളകലാതെ
കാണുവാൻ പിന്നെയും തോന്നിയില്ലേ.

വിരലുകൾ കോർക്കാതിരുന്നതല്ലേ,
നമ്മൾ ദൂരങ്ങളേറെ നടന്നതല്ലേ.
സ്വപ്നങ്ങൾ നാമേറെ കണ്ടതല്ലേ സഖീ,
പരസ്പരം പറയുവാൻ മറന്നതല്ലേ.

വാകപ്പൂമരച്ചോട്ടിലന്നു നമ്മൾ
വാക്കുകൾ പൂക്കാതെ നിന്നതല്ലേ
വരുംദിനമെന്നോ തിരികെ വരുമെന്ന
വാക്കൊന്നുമേകാതെ പിരിഞ്ഞതല്ലേ.

മറവിയാം മറക്കുടയെത്ര നിവർത്താലും
മാരിയായി ഓർമ്മകൾ കോരിച്ചൊരിയുകി-
ലാകെ നനഞ്ഞു പോകുന്നു ഞാൻ.
ഇവിടെയീ പടിയിലിന്നൊറ്റക്കിരിക്കുമ്പോൾ നിന്നെക്കുറിച്ചേറെയോർത്തു പോകുന്നു ഞാൻ.

No comments:

Post a Comment